asifiqq
Total posts: 1387
|
Posted: Thu Jul 17, 2008 6:50 am Post subject: മിന്നാമിന്നിക്കൂട്ടം |
|
|
ഒരുപിടി പുതുമുഖതാരങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ‘ഗോള്‍’ എന്ന ചിത്രത്തിനു ശേഷം കമല്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മിന്നാമിന്നിക്കൂട്ടം’. പുതുമുഖങ്ങളല്ലെങ്കിലും, മലയാളസിനിമയിലെ പുതുനിര നായികാനായകന്മാരെ അണിനിരത്തിയിരിക്കുന്ന ചിത്രമാണിത്. കഥ, തിരക്കഥ, സംഭാഷണം; ചിത്രത്തിനു വേണ്ടി ഇതൊക്കെ തയ്യാറാക്കിയിരിക്കുന്നതും കമല്‍ തന്നെ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാഖി റാം. യുവതീയുവാക്കന്മാരായ കഥാപാത്രങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും; ‘ചോക്ലേറ്റ്’ പോലെയോ, ‘പോസിറ്റീവ്’ പോലെയോ, ചിത്രത്തിനു യുവത്വം അവകാശപ്പെടുവാനാവുമോ എന്ന കാര്യം സംശയമാണ്.
അഭിലാഷ്(നരേന്‍) - ചാരുലത(മീര ജാസ്മിന്‍), മാണിക്കുഞ്ഞ്(ജയസൂര്യ) - റോസ് മേരി(റോമ) എന്നിങ്ങനെ രണ്ട് പ്രണയജോടികള്‍; സിദ്ദു(ഇന്ദ്രജിത്ത്) - മുംതാസ്(സംവൃത സുനില്‍) എന്ന ദമ്പതികള്‍; പാര്‍ത്ഥസാരഥി(അനൂപ് ചന്ദ്രന്‍), കല്യാണി(രാധിക) എന്നിങ്ങനെ മറ്റു രണ്ടുപേര്‍; ഇത്രയും പേര്‍ ഒരു സോഫ്‌റ്റ്‌വേര്‍ കമ്പനിയില്‍ ജോലി നോക്കുന്നു. ഇവര്‍ അടുത്ത സുഹൃത്തുക്കളുമാണ്. അഭിലാഷിമൊത്തുള്ള തന്റെ ബന്ധത്തില്‍ നിന്നും ചാരുലത ചില പ്രത്യേക കാരണങ്ങളാല്‍ പിന്മാറുന്നു. സുഹൃത്തുക്കള്‍, ചാരുവിനെ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുവാനായിരുന്നു ചാരുലതയുടെ തീരുമാനം.
ഇവരുടെ സൌഹൃദവും, സ്നേഹബന്ധവും പറഞ്ഞുതരാനാണ് സംവിധായകന്‍ ഇടവേളവരെയുള്ള ഒന്നരമണിക്കൂര്‍ ഉപയോഗിച്ചിരിക്കുന്നത്. ചാരുലതയ്ക്ക് സംഭവിച്ചതെന്ത് എന്നൊരു ആകാംഷ പ്രേക്ഷകനില്‍ ഉണര്‍ത്തുവാന്‍ സാധിക്കുന്നുണ്ടെങ്കിലും, ഇത്രയും നീട്ടിപ്പരത്തി പറഞ്ഞത് ചിത്രത്തിന്റെ ആകര്‍ഷണീയത കുറച്ചു. കുറച്ചു കൂടി വേഗതയില്‍ പറഞ്ഞുതീര്‍ക്കുവാന്‍ ശ്രമിക്കാവുന്നതായിരുന്നു. ചാരുലതയായി മീര ജാസ്മിന്‍ തന്റെ സ്വാഭാവികമായ അഭിനയപാടവം പ്രദര്‍ശിപ്പിക്കുന്നുണ്ട്; എന്നാല്‍ പലയിടത്തും നരേന് അഭിലാഷിനെ കൈവിട്ടുപോയി. ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അനായാസതയോടെ തങ്ങളുടെ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. റോമ, സംവൃത സുനില്‍, രാധിക എന്നിവരും മോശമായില്ല. അനൂപ് ചന്ദ്രനെ ആ റോളിലേക്ക് കൊണ്ടു വരേണ്ടിയിരുന്നില്ല. സാധാരണ ചെറുവേഷമെങ്കിലും, ശ്രദ്ധേയമായി ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിയാറുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തിനായി അദ്ദേഹത്തെ വേണ്ടും വണ്ണം ഉപയൊഗപ്പെടുത്തിയതായി കരുതുവാന്‍ വയ്യ.
സായികുമാര്‍, ജനാര്‍ദ്ദനന്‍, മാമുക്കോയ, ടി.ജി. രവി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണിക്കുട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചാരുലതയുടെ സ്നേഹധനനായ അച്ഛനെ സായികുമാര്‍ നന്നായി ഉള്‍ക്കൊണ്ടു തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. കഥയില്‍ മണിക്കുട്ടന്റെ കഥാപാത്രവും, ആ കഥാപാത്രമെത്തുന്ന രംഗങ്ങളും ഒരധികപറ്റായി തോന്നി. മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടനത്തിനും പ്രത്യേകതകളൊന്നുമില്ല. ഇതിലും നന്നായി നരേനും, ഇന്ദ്രജിത്തിനും മറ്റും സംഘട്ടനം വഴങ്ങും. അനില്‍ പനച്ചൂരാന്‍ എഴുതി, ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളില്‍; “കടലോളം വാത്സല്യം...”, “താരാജാലം...” എന്നിവ ചിത്രത്തോടു ചേര്‍ന്നു പോവുന്നു. മറ്റുള്ളവ കേള്‍വിക്കും, സിനിമയ്ക്കും നന്നെന്നു തോന്നിയില്ല.
പുലി വരുന്നേ, പുലി വരുന്നേ എന്നു പ്രതീക്ഷിച്ചിരുന്നിട്ട്, ഒടുവില്‍ വന്നതൊരു എലി; ഈ പറഞ്ഞതുപോലായിപ്പോയി ചിത്രത്തിന്റെ ക്ലൈമാക്സ്. ചാരുലതയുടെ ഒളിച്ചോട്ടവും, തിരിച്ചുവരവും, പുനഃസമാഗമവും എല്ലാം കണ്ടു കഴിഞ്ഞ് പ്രേക്ഷകന്‍ പറയും, “ഇതൊക്കെ സിനിമയില്‍ നടക്കും! ജീവിതത്തില്‍ ഇതു വല്ലതും നടക്കുമോ!!!”. കൂടുംബങ്ങളെ, സ്ത്രീ പ്രേക്ഷകരെ, യുവാക്കളെ, താരാധകരെ എന്നിങ്ങനെ ഒരു പ്രത്യേക വിഭാഗത്തെ കണ്ടുകൊണ്ട് തയ്യാറാക്കിയ ഒരു ‘ഫോര്‍മുല’ ചിത്രമല്ല ഇത്. ചിത്രത്തിന്റെ ഗുണമായും, ദോഷമായും ഇതു തന്നെ ചൂണ്ടിക്കാട്ടാം. ഇടയ്ക്കിടെ ഇതൊന്ന് തീര്‍ന്നിരുന്നെങ്കില്‍ എന്നു വിചാരിച്ചു പോവുമെങ്കിലും, മൊത്തത്തില്‍ കാണികള്‍ക്കൊരു നിരാശയാവില്ല ഈ ചിത്രം.
http://www.malluforum.com/m/asifiqq/

Asif
Never look 4 d beauty ,it may shade
Never look 4 d colour of d skin,it may go old one day
Look 4 d real heart which miss u evry day...!!!! |
|