Posted: Tue Feb 02, 2010 6:26 pm Post subject: :y53: * * * COCHIN HANEEFA (1951-2010) * * * :y53:
ഒളിമങ്ങാത്ത കുറെ നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി കൊച്ചിന്‍ ഹനീഫ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ചലച്ചിത്രലോകം നടുക്കത്തിലാണ്. രംഗബോധമില്ലാത്ത കോമാളി ഒരിയ്ക്കല്‍ കൂടി ഇവിടെ വന്ന് മടങ്ങുമ്പോള്‍ ചലച്ചിത്ര ലോകത്തിന് നഷ്ടപ്പെടുത്തുന്നത് എല്ലാം ഒരു തികഞ്ഞ സകലകലാവല്ലഭനെ തന്നെയാണ്.
ഒരു നടന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ ചലച്ചിത്രലോകത്തിന്റെ വിശാലമായ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ. 1951 ഏപ്രില്‍ 22 ന് കൊച്ചിയിലാണ് കൊച്ചിന്‍ ഹനീഫയുടെ ജനനം. അഭിനയം, കഥ, തിരക്കഥ, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച ഹനീഫ മിമിക്രി രംഗത്ത് നിന്നാണ് വെള്ളിത്തിരയിലേക്കെത്തുന്നത്.
അതിന് മുമ്പെ ക്യാമ്പസ് നാടകവേദികളിലൂടെ തിളങ്ങിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മിമിക്രിയ്ക്ക് പുറമെ മോണോ ആക്ടിലും തിളങ്ങിയതോടെ അദ്ദേഹേ ഏറെ ശ്രദ്ധിയക്കപ്പെട്ടു. ഹനീഫയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് പഠനകാലത്തെ അദ്ദേഹത്തിന്റെ ആരാധകനായി മാറിയ ഒരാളായിരുന്നു താനെന്ന് നടന്‍ മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത് അക്കാലത്തെ ഹനീഫയുടെ താരത്തിളക്കത്തെയാണ് സൂചിപ്പിയ്ക്കുന്നത്.
മലയാള സിനിമയിലെ ഒരു പിടി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ കൊച്ചിന്‍ കലാഭവനിലൂടെ തന്നെയായിരുന്നു ഹനീഫയും തന്റെ കരിയറിന് തുടക്കമിട്ടത്. ശബ്ദാനുകരണത്തിന്റെ മായാലോകത്തിലേക്ക് ചുവട് വെയ്ക്കുമ്പോള്‍ ഹനീഫയ്‌ക്കൊപ്പം ഇന്നത്തെ പ്രശസ്ത താരങ്ങളായ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രശസ്ത താരങ്ങളും കലാഭവനിലുണ്ടായിരുന്നു. മലയാള സിനിമയിലെ അനശ്വര നടന്‍ സത്യന്റെ അനുകരണമായിരുന്നു ഹനീഫയുടെ പ്രധാന ഐറ്റം. സത്യനും മധുവുമായി ഹനീഫ സ്റ്റേജിലെത്തിയപ്പോഴെല്ലാം കാണികള്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. കലാഭവന്റെ ഗ്ലാമറുമായി സിനിമാലോകത്ത് എത്തിപ്പെട്ടവര്‍ പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ത്തപ്പോള്‍ ഹനീഫ കടമെടുത്തത് കൊച്ചിന്‍ എന്ന സ്ഥലപ്പേരായിരുന്നു.
1979ല്‍ നവോദയ അപ്പച്ചന്‍ ഒരുക്കിയ മാമാങ്കത്തിലെ തീരെ ചെറിയൊരു വേഷത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നത്. അക്കാലത്തെ ടിപ്പിക്കല്‍ വില്ലന്‍ വേഷങ്ങളായിരുന്നു ഹനീഫയെ കാത്തിരുന്നത്. സ്യൂട്ടും കോട്ടുമിട്ട് ടിപ് േടാപ്പില്‍ ബലാത്സംഗവും കള്ളക്കടത്തും കൊള്ളയും ചെയ്യുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ഹനീഫയെ തേടിയെത്തി. ഹനീഫയിലെ നടന് പകരം അദ്ദേഹത്തിന്റെ രൂപഭാവങ്ങള്‍ക്കിണങ്ങുന്ന കഥാപാത്രങ്ങളെയാണ് സിനിമാലോകം അദ്ദേഹത്തിന് മിക്കപ്പോഴും നല്‍കിയത്.
ലോഹിതദാസിന്റെ ശക്തമായ തിരക്കഥയില്‍ സിബിമലയില്‍ ഒരുക്കിയ കിരീടം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവ് തന്നെയായി. കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രം അന്നുവരെ അദ്ദേഹത്തിന് മേല്‍ അടിച്ചേല്‍പ്പിയ്ക്കപ്പെട്ടിരുന്ന വില്ലന്‍ പരിവേഷത്തെ തൂത്തെറിഞ്ഞു. വലിയ തടിയും ഘനഗംഭീര ശബ്ദവും ഉണ്ടെങ്കിലും ഉള്ളില്‍ നിഷ്‌കളങ്കതയും അല്ലെങ്കില്‍ മണ്ടത്തരങ്ങളും ഒളിപ്പിച്ചവയായിരുന്നു പിന്നീടുള്ള ഹനീഫ കഥാപാത്രങ്ങളുടെ മുഖമുദ്ര. വാണിജ്യസിനിമയ്ക്ക് എപ്പോഴും ഹനീഫയുടെ അത്തരം കഥാപാത്രങ്ങളോടായിരുന്നു താത്പര്യവും. സിനിമയില്‍ തന്റെ പ്രധാന്യമെന്തെന്ന് തിരിച്ചറിഞ്ഞ് അതിനോട് ഇണങ്ങിച്ചേരാനും അദ്ദേഹം തയ്യാറായി. മലയാളത്തില്‍ മൂന്നുറിനടുത്തും തമിഴില്‍ എണ്‍പതിനടുത്തും സിനിമകളിലും അഭിനയിച്ച ഹനീഫ ചില തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയമായിരുന്നു പ്രധാന മേഖലയെങ്കിലും ഹനീഫയിലെ പ്രതിഭയെ പുറത്തുകൊണ്ടുവന്നത് അദ്ദേഹം കൈവെച്ച മറ്റ്് ചലച്ചിത്ര മേഖലകളായിരുന്നു. കഥ, തിരക്കഥ, സംവിധാനം, എന്നീ മേഖലകളിലെല്ലാം ഹനീഫ തന്റെ പ്രതിഭാ സ്പര്‍ശം തെളിയിച്ചു. മലയാളത്തില്‍ ഏഴും തമിഴില്‍ ആറും സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
1984 ല്‍ പുറത്തിറങ്ങിയ പിരിയില്ല നാം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി കഥയെഴുതിയത്. തൊട്ടടുത്ത വര്‍ഷം പറയാതെ വയ്യ എന്ന ചിത്രത്തിനായി തിരക്കഥയൊരുക്കി. അതേവര്‍ഷം തന്നെ ഒരു സന്ദേശം കൂടിയെന്ന ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പിയും അണിഞ്ഞു.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നിവയാണ് മലയാളത്തില്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രങ്ങള്‍. പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൌര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത്. ഹാസ്യരാജാവായി മാറിയ കാലത്ത് അദ്ദേഹം സംവിധാനം ചെയ്ത വാത്സല്യം പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു കുടുംബചിത്രം കൂടിയായിരുന്നു.
മഹാനദി പോലെ ഏറെ ശ്രദ്ധേയമായ സിനിമയില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴില്‍ തന്റെ സാന്നിധ്യമുറപ്പച്ച ഹനീഫ കോളിവുഡിലെ വമ്പന്‍ സംവിധായകന്‍ ഷങ്കറിന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളായി മാറി.
തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങി ഒട്ടുമിക്ക നടീനടന്‍മാര്‍ മാത്രമല്ല, കരുണാനിധി, ജയലളിത തുടങ്ങിയ രാഷ്ട്രീയനേതാക്കന്‍മാരും ഹനീഫയുടെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നറിയുമ്പോഴാണ് ഹനീഫയെന്ന വ്യക്തിയെ കൂടുതലായി നമ്മള്‍ തിരിച്ചറിയുക.
ഹാസ്യവേഷങ്ങളിലൂടെ വാണിജ്യസിനിമയുടെ ഭാഗമായി നിന്നപ്പോഴും സൂത്രധാരന്‍, കണ്ണകി അടക്കമുള്ള ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ അദ്ദേഹം മികച്ച രീതിയില്‍ അവതരിപ്പിച്ചു. സൂത്രധാരനിലെ പ്രകടനം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് 2001 ല്‍ നേടിക്കൊടുത്തു. മികച്ച സഹനടനുള്ള പുരസ്‌കാരം 1999 ലും നേടി. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ പ്രതിഭയെ അളക്കാനുള്ള അളവുകോലല്ലെന്ന് നിസംശയം പറയാം.
ലോഹിയും മുരളിയും രാജന്‍ പി ദേവുമെല്ലാം പോയതിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് ഹനീഫയും നമ്മെ വിട്ടുപിരിയുന്നത്. ഒരിയ്ക്കലും തിരിച്ചുവരാത്ത യാത്രയ്ക്കാണ് പോകുന്നതെങ്കിലും ഹനീഫ ഒരര്‍ത്ഥത്തില്‍ ഭാഗ്യവാന്‍ തന്നെയാണ്.. ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സുകളില്‍ എന്നും ജീവിച്ചിരിയ്ക്കും. അങ്ങനെയൊരു ഭാഗ്യം അധികമാര്‍ക്കും ലഭിക്കാറില്ലല്ലോ....
http://www.malluforum.com/m/pranku/
And let your best be for your friend.
If he must know the ebb of your tide, let him know its flood also.
For what is your friend that you should seek him with hours to kill?
Seek him always with hours to live.
For it is his to fill your need, but not your emptiness.
And in the sweetness of friendship let there be laughter, and sharing of pleasures.
For in the dew of little things the heart finds its morning and is refreshed